ലൈല കോട്ടേജ് വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത. വീട് വില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കാനാണ് തീരുമാനമെന്നും റീത്ത അറിയിച്ചു. വീട് സര്‍ക്കാരിന് വിട്ട് നല്‍കാന്‍ തയ്യാറല്ല. റീത്ത പറഞ്ഞു. വാടകയ്ക്ക് വീട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍ വന്നുവെന്നും റീത്ത ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ പ്രതികരിച്ചു.
‘വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നേരത്തെ സ്‌കൂളിന് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അവരത് നാശമാക്കിയപ്പോള്‍ അത് നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല. ഇടയ്ക്ക് പോയി വൃത്തിയാക്കും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു പാര്‍ട്ടി വന്ന് ഓഫീസ് ആയി ഉപയോഗിക്കാന്‍ ചോദിച്ചിരുന്നു.
മകള്‍ രേഷ്മയോട് ചോദിച്ചപ്പോള്‍ ആര്‍ക്കും കൊടുക്കണ്ട എന്നാണ് പറഞ്ഞത്. ഒരാള്‍ വീട് വാങ്ങാന്‍ നില്‍ക്കുന്നുണ്ട് വില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കും. അപ്പോള്‍ വാടകയ്ക്ക് കൊടുത്താല്‍ അതൊരു തടസമാകുമെന്ന് അവരോട് പറഞ്ഞു. ആ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത കാണുന്നത്. വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്. അവര്‍ പറഞ്ഞു.