ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയൊരു വേഷത്തില്‍ രജനികാന്ത്. ‘ലാല്‍ സലാം’ എന്ന് പേരിട്ട ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ കാമിയോ റോളിലാണ് രജനി എത്തുന്നത്.
കലാപകലുഷിതമായ തെരുവിലൂടെ നടന്നുവരുന്ന മൊയ്തീന്‍ ഭായിയെ ആണ് പോസ്റ്ററില്‍ കാണാനാവുക. മൊയ്തീന്‍ ഭായി എത്തിക്കഴിഞ്ഞു, ആട്ടം ആരംഭം എന്നിങ്ങനെയാണ് പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളിലെ വാചകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.
വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നതോടെ ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ലുക്കാണ് തലൈവരുടേത് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാര്‍.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ ഭാസ്‌കര്‍ ആണ് എഡിറ്റിംഗ്.