തെന്നിന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച സിനിമയാണ് വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കൂടാതെ ചിത്രത്തിൽ രണ്ട് ഗാനങ്ങളാണ് ഉള്ളതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ പുതിയ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. വിജയ്- തൃഷ കോമ്പോ ഒരുമിക്കുന്ന’അൻപെനും’ എന്ന ഗാനത്തിന് സംഗീതം നൽകിയതും ആലപിച്ചിരിക്കുന്നതും അനിരുദ്ധ് രവിചന്ദർ തന്നെയാണ്.
മുൻപ് പുറത്തിറങ്ങിയ രണ്ട് ഗാനത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു മെലഡി ഗാനമാണ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 16 മണിക്കുറിനുള്ളിൽ 5 മില്ല്യൺ വ്യൂസ് ആണ് ഗാനത്തിന് ഇതുവരെ ലഭിച്ചത്.
‘വിക്ര’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയായതുകൊണ്ട് തന്നെ ലിയോക്ക് വൻ ഹൈപ്പാണ് നിലവിലുള്ളത്. മാസ്റ്ററിന് ശേഷം ഈ കൂട്ടുക്കെട്ടിലെ രണ്ടാമത്തെ സിനിമയാണ് ലിയോ. പതിനാല് വർഷങ്ങൾക്ക് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ലിയോ’. സഞ്ജയ് ദത്ത്, അർജുൻ, ഗൌതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങീ വമ്പൻ താരനിരയാണ് ലിയോയിൽ ഉള്ളത്.