'വിതരണക്കാര്‍ എന്നെയും കുടുംബത്തെയും അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്'; പൊലീസ് സംരക്ഷണം തേടി പുരി ജഗന്നാഥ്

‘ലൈഗര്‍’ സിനിമയുടെ പരാജയത്തിന് ശേഷം വിതരണക്കാരില്‍ നിന്നും താന്‍ ഭീഷണി നേരിടുന്നുണ്ടെന്ന് സംവിധായകന്‍ പുരി ജഗന്നാഥ്. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് പുരി ജഗന്നാഥ് പൊലീസില്‍ പരാതി നല്‍കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

ലൈഗറിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് പുരി ജഗന്നാഥ്. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. കരാര്‍ പ്രകാരമുള്ള പണം താന്‍ മുഖ്യ വിതരണക്കാരനായ വാരങ്കല്‍ ശ്രീനു കൊടുത്തുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ സംവിധായകന്‍ പറയുന്നത്.

ഇയാള്‍ സഹ വിതരണക്കാര്‍ക്ക് പണം നല്‍കിയില്ലെന്നും ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ജഗന്നാഥ് വ്യക്തമാക്കി. തന്റെ കുടുംബത്തിനെ അപായപ്പെടുത്താന്‍ ശ്രീനു ശ്രമിക്കുമെന്ന ഭയവും സംവിധായകന്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം പുരി ജഗന്നാഥിന്റെ വോയിസ് മെസേജ് പുറത്തു വന്നിരുന്നു.

വിതരണക്കാര്‍ക്ക് പണം കൊടുക്കില്ല എന്ന് പറയുന്ന വീഡിയോയാണ് പുറത്തു വന്നത്. അതേസമയം, ഏറെ പ്രതീകഷയോടെ ആയിരുന്നു ലൈഗര്‍ റിലീസ് ചെയ്തത്. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം വന്‍ ഫ്‌ളോപ്പ് ആയി മാറുകയായിരുന്നു.