വിജയ് ദേവരകൊണ്ടയുടെ സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചു; നടി ചാര്‍മി കൗറിനെയും സംവിധായകനെയും ചോദ്യം ചെയ്ത് ഇ.ഡി

കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിജയ് ദേവരകൊണ്ട നായകനായ’ലൈഗര്‍’ സിനിമയിലൂടെ നിയമം ലംഘിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ലൈഗറിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടിയാണ് പുരി ജഗന്നാഥ്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ആണ് ചാര്‍മി. കോണ്‍ഗ്രസ് നേതാവ് ബക്കാ ജൂഡ്സണ്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാക്കാരെ കൂടാതെ രാഷ്ട്രീയക്കാരും പണം ഇറക്കിയിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.

സിനിമയുടെ നിര്‍മ്മാണത്തിനായി ഇറക്കിയ പണം കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായിട്ടാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുടക്കി എന്നാണ് വിവരം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു.

Read more

ചാര്‍മിയുടെയും ജഗന്നാഥിന്റെയും അക്കൗണ്ടിലേക്ക് വിദേശ നിക്ഷേപകര്‍ നിരവധി കമ്പനികളും പണം കൈമാറിയതായി ഇഡി സംശയിക്കുന്നുണ്ട്. 2021ലും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പുരി ജഗന്നാഥും ചാര്‍മിയും ഉള്‍പ്പെടെ നിരവധി സിനിമാക്കാരെ ഇഡി ചോദ്യം ചെയ്തിരുന്നു.