ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇരുവരും ആദ്യമായാണ് ലിജോ ജോസ് പെല്ലിശേരിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
‘മലൈകോട്ടൈ വാലിബന്’ ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോയും മഞ്ജുവും അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരി 25ന് ആണ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടൈ വാലിബന്‍ റിലീസിനൊരുങ്ങുന്നത്.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിന് മുമ്പ് മോഹന്‍ലാലിന്റെതായി തിയേറ്ററിലെത്തിയ ‘മരക്കാര്‍’, ‘ആറാട്ട്’, ‘മോണ്‍സ്റ്റര്‍’ എന്നീ ചിത്രങ്ങളെല്ലാം ഫ്‌ലോപ്പ് ആയിരുന്നു. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനൊപ്പം താരം പുതു ചരിത്രം സൃഷ്ടിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
അതേസമയം, ‘ഹൗ ഓള്‍ഡ് ആര്‍ യു’, ‘വേട്ട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒന്നിക്കാന്‍ പോകുന്ന ചിത്രമാകും ഇത്. ‘ചാവേര്‍’ ആണ് കുഞ്ചാക്കോ ബോബന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വെട്രിമാരന്റെ തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.