അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “ജല്ലിക്കെട്ട്” ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒക്ടോബര്‍ 2 മുതല്‍ 13 വരെയാണ് ലണ്ടന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ഒക്ടോബര്‍ 3 നും 5 നുമാണ് മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. ജല്ലിക്കെട്ട് അടക്കം അഞ്ച് ഇന്ത്യന്‍ ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലോകപ്രശസ്തമായ ടൊറന്റോ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്. സെപ്റ്റംബര്‍ 5 മുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുങ്ങുന്നത്. അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് “മാവോയിസ്റ്റ്.” എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാദരന്‍ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ളയാണ്.