ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായികയ്ക്കുള്ള ബഹുമതി നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി ലിനു ലാല്‍ എന്ന സംഗീതജ്ഞന്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നുന്നില്ലേയെന്ന് ലിനു ഫെയ്‌സ്ബുക്കില്‍ ചോദിക്കുന്നു.
പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്ന് ലിനു ചോദിക്കുന്നു. പുതിയൊരു പാട്ട് കംമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് പാടിപ്പിക്കാമെന്നവച്ചാല്‍ അത് സാധിക്കില്ലെന്നും ഒരാഴ്ചയോ ഒരു മാസമോ പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഫേസ്ബുക്ക് വീഡിയോയില്‍ ലിനു പറയുന്നു.
‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.
ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും ലിനു പറയുന്നു. അതേസമയം ലിനുവിന്റെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തി.