ഇന്ന് തമിഴില്‍ ഏറ്റവും വലിയ ഹൈപ്പില്‍ നില്‍ക്കുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. അതുകൊണ്ട് തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ലോകേഷിനെ നേരിട്ട് വിളിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞത്. തലൈവരുടെ കരിയറിലെ 171-ാം സിനിമയാണ് ലോകേഷ് ഒരുക്കുന്നത്.
രജനിയുടെ അവസാനത്തെ സിനിമയാകും ഇത് എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഈയടുത്ത് സംവിധായകന്‍ മിഷ്‌കിന്‍ നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ ഒരു കാര്യം പ്രചരിക്കുന്നുണ്ട്. രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്.
സൂപ്പര്‍സ്റ്റാര്‍ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയായിരുന്നു. എല്ലാവര്‍ക്കും അതൊരു അഭിമാന നിമിഷം ആയിരുന്നു എന്നാണ് മിഷ്‌കിന്‍ പറഞ്ഞത്. ലോകേഷ് എന്ന സംവിധായകന്‍ സിനിമ രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ പ്രതിഫലനമാണിത്.
ഓരോ സിനിമയും അവതരിപ്പിക്കുന്ന രീതിയും കഥാതന്തുക്കളും സാങ്കേതിക മികവുകളും സംവിധാന പാഠവവും ഒക്കെയാണ് ലോകേഷ് എന്ന സംവിധായകനെ ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തിച്ചത്. രജനികാന്തിന്റെ അവസാനത്തെ സിനിമ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റൊരു വിസ്മയമായി മാറിയേക്കും.
അതേസമയം, ടി ജി ജ്ഞാനവേല്‍ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രതിനായകനായി വിക്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
നിലവില്‍ രജനിയുടെതായി റിലീസിന് ഒരുങ്ങിയിരിക്കുന്നത് ‘ജയിലര്‍’ എന്ന ചിത്രമാണ്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും വേഷമിടുന്നു എന്നത് സിനിമയ്ക്ക് ഏറെ ഹൈപ്പ് നല്‍കുന്നുണ്ട്.