12 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാര്‍; സോഷ്യല്‍ മീഡിയയില്‍ കിടുക്കി 'കുടുക്കു' ഗാനം

നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ലവ് ആക്ഷന്‍ ഡ്രാമ റിലീസിന് തയ്യാറെടുക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സോങ് ടീസര്‍ പുറത്തിറങ്ങി. “കുടുക്കു പൊട്ടിയ…” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍.

പുറത്തിറങ്ങി രണ്ടു ദിനം പിന്നിടിമ്പോല്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 12 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ഗാനത്തിന് ഇതിനോടകമുള്ളത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാള സിനിമയില്‍ മടങ്ങിയെത്തുന്ന ചിത്രം “ലവ് ആക്ഷന്‍ ഡ്രാമ”. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും. നിവിന്‍ പോളി തളത്തില്‍ ദിനേശനായി എത്തുമ്പോള്‍ നയന്‍താര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read more

ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനിവാസന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നഡയില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം. വര്‍മ്മയാണ് ഛായാഗ്രഹണം.