സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്തകള്‍ ആരാധകരെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല. സാമന്തയുടെ പുതിയ ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നാഗചൈതന്യയും സായ് പല്ലവിയും വേഷമിടുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനോടുള്ള സാമന്തയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
ലവ് സ്റ്റോറിയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച നാഗചൈതന്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സായ് പല്ലവിക്കും ടീമിനും ആശംസകള്‍ നേരുന്നു എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്. സാധാരണ നാഗചൈതന്യയുടെ സിനിമകളുടെ ട്രെയിലറുകളും മറ്റും വലിയ ആവേശത്തോടെയാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. ഭര്‍ത്താവിനെ അഭിനന്ദിക്കാനും സാമന്ത മറക്കാറില്ല.
എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരില്‍ നിന്നും നാഗചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് പിന്‍വലിച്ചത് ആയിരുന്നു താരങ്ങള്‍ പിരിയുന്നുവെന്ന അഭ്യൂഹത്തിന് തുടക്കമിട്ടത്.
ഇതിനിടെ നാഗചൈതന്യയുടെ പിതാവും തെലുങ്ക് സൂപ്പര്‍ താരവുമായ നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തിലെ സാമന്തയുടെ അസാന്നിദ്ധ്യവും ചര്‍ച്ചയായി മാറിയിരുന്നു. നാഗാര്‍ജുന നടത്താനിരുന്ന പത്രസമ്മേളനം പിന്‍വലിച്ചതും സംശയം ശക്തമാക്കി. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് മകനും മരുമകള്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നാഗാര്‍ജുന ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ്.