പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ഐഎംഡിബി ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഒന്നാമത്. 30.9 ശതമാനം വോട്ടുമായാണ് മോഹന്‍ലാല്‍ ചിത്രം ലിസ്റ്റില്‍ മുന്നിട്ടു നില്‍ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്ത്. വിവേക് ഒബ്‌റോയ് നായകനാകുന്ന ചിത്രത്തിന് 17.5 ശതമാനം വോട്ടാണുള്ളത്. മൂന്നും നാലും സ്ഥാനങ്ങളില്‍ ബോളിവുഡ് ചിത്രങ്ങളായ നോട്ട് ബുക്കും കലങ്കുമാണ്. മമ്മൂട്ടി ചിത്രമായ മധുരരാജ ലിസ്റ്റില്‍ പത്താം സ്ഥാനത്താണ് ഉള്ളത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തും.
പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനില്‍ എത്തുന്നു. പുലിമുരുകനും മാസ്റ്റര്‍ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാന്‍, പ്രിയങ്ക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.