‘എമ്പുരാന്‍’ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും ലൈക പ്രൊഡക്ഷന്‍സ് പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പിന്മാറിയതോടെ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. എമ്പുരാന്റെ നിര്‍മ്മാണത്തില്‍ നിന്നും മാത്രമല്ല, കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍ 3’യുടെ നിര്‍മ്മാണത്തില്‍ നിന്ന് കൂടി പിന്മാറിയിരിക്കുകയാണ് ലൈക പ്രൊഡക്ഷന്‍സ് ഇപ്പോള്‍.
‘ഇന്ത്യന്‍ 2’ സിനിമയുടെ എന്‍ഡില്‍ തന്നെ ഇന്ത്യന്‍ 3 പ്രഖ്യാപിച്ചതാണ്. ഈ ചിത്രം 2025 ജനുവരിയില്‍ എത്തുമെന്നും സംവിധായകന്‍ ശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ 2 വന്‍ പരാജയമായതോടെ മൂന്നാം ഭാഗത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് സമയത്ത് തന്നെ ഇന്ത്യന്‍ 3യുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഇനി ഒരു ഗാന രംഗം മാത്രമാണ് ചിത്രീകരിക്കാന്‍ ബാക്കി. ഈ ഗാനം പൂര്‍ത്തിയാക്കാന്‍ 20 കോടി രൂപയില്‍ അധികം ചെലവാകുമെന്നാണ് വിവരം. അതിന് തല്‍ക്കാലം ലൈക തയ്യാറല്ല. ഇന്ത്യന്‍ 2 അടക്കം അടുത്തകാലത്ത് എടുത്ത ചലച്ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ലൈക കടുത്ത പ്രതിസന്ധിയിലാണ്.
വിടാമുയര്‍ച്ചി, ഇന്ത്യന്‍ 2, വെട്ടയ്യന്‍, ലാല്‍ സലാം, ചന്ദ്രമുഖി 2 തുടങ്ങിയ സിനിമകളെല്ലാം ഫ്ളോപ്പ് ആയിരുന്നു. അതിനാല്‍ തന്നെ തല്‍ക്കാലം ഇന്ത്യന്‍ 3 സിനിമയില്‍ യാതൊരു നീക്കവും വേണ്ടെന്നാണ് ലൈക്കയുടെ തീരുമാനം. മാത്രമല്ല, ഇന്ത്യന്‍ 3യില്‍ ശങ്കറും വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ 3 ഉപേക്ഷിക്കാനാണ് സാധ്യത.