ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ടയെ ഒഴിവാക്കി എന്നും സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പേരുകള്‍ സംരക്ഷിക്കാനാണോ ഇത് ചെയ്യുന്നത് എന്ന സംശയം ഉണ്ടെന്നും മാക്ട. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല എന്നും മാക്ട ചൂണ്ടിക്കാണിക്കുന്നു. പരാതിക്കാരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പീഡകരുടെ പേരുകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും മാക്ട ഫെഡറേഷന്‍ അറിയിച്ചു.
മാക്ടയുടെ പ്രസ്താവന
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.
സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ്, തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.