നിര്‍മ്മാതാവിന് കോടതി വക ചെക്ക്‌മേറ്റ്; റിലീസിന് ദിവസങ്ങള്‍ ശേഷിക്കെ പ്രതിസന്ധിയിലായി 'തങ്കലാനും' 'കങ്കുവ'യും

ഈ വര്‍ഷത്തിന്റെ ആദ്യ പകുതി കോളിവുഡ് ഫ്‌ളോപ്പുകളിലേക്ക് കൂപ്പുകുത്തി വീണിരുന്നു. ഈയടുത്ത് തമിഴകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ജൂലൈയില്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം ‘രായന്‍’ ആണ്. 149 കോടി രൂപയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ‘ഇന്ത്യന്‍ 2’ അടക്കം പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന പല സിനിമകളും പരാജയങ്ങളായിരുന്നു. കോളിവുഡില്‍ ഇനി വരാനിരിക്കുന്നത് രണ്ട് വമ്പന്‍ സിനിമകളാണ്. തമിഴകം ഏറെ നാളുകളായി കാത്തിരിക്കുന്ന സിനിമകള്‍ കൂടിയാണ് സൂര്യ ചിത്രം ‘കങ്കുവ’യും വിക്രം ചിത്രം ‘തങ്കലാനും’.

എന്നാല്‍ തിയേറ്ററില്‍ എത്താനിരിക്കുന്ന ഈ സിനിമകള്‍ അപ്രതീക്ഷിതമായി പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15ന് ആണ് തങ്കലാന്‍ റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 10ന് ആണ് കങ്കുവയുടെ റിലീസ്. സിനിമകളുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. തങ്കലാന്‍, കങ്കുവ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ.ഇ ജ്ഞാനവേല്‍ രാജ, സിനിമകളുടെ റിലീസിന് മുമ്പായി ഒരു കോടി രൂപ വീതം കെട്ടവയ്ക്കണം എന്നാണ് മദ്രാസ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പ് പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അന്തരിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അര്‍ജുന്‍ലാല്‍ സുന്ദര്‍ദാസ് എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഒരു കരാറിനെ ചൊല്ലിയുള്ള നിയമ വ്യവഹാരങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. 10.35 കോടി രൂപ സുന്ദര്‍ദാസിന് ജ്ഞാനവേല്‍ രാജ നല്‍കാനുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്‍, പണം വീണ്ടെടുക്കാനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ മറ്റൊരു കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പണം തിരിച്ചു നല്‍കേണ്ടതില്ല എന്ന് ജ്ഞാനവേല്‍ രാജ വാദം ഉന്നയിച്ചു.

Thangalaan DOP: Locked and loaded for the best experience in theatres

അര്‍ജുന്‍ ലാലും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്ന് 40 കോടി രൂപ വീതം മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രീ പ്രൊഡക്ഷന്‍ ചിലവുകള്‍ക്കായി അര്‍ജുന്‍ ലാല്‍ പ്രാരംഭ തുക നല്‍കിയെങ്കിലും, ബാക്കി തുക നല്‍കാന്‍ കഴിഞ്ഞില്ല. ഇതിന് പകരമായി ഓള്‍ ഇന്‍ ഓള്‍ അഴകുരാജ, ബിരിയാണി, മദ്രാസ് എന്നീ മൂന്ന് സിനിമകളുടെ ഹിന്ദി റീമേക്ക് അവകാശം അര്‍ജുന്‍ ലാലിന് നല്‍കാമെന്ന ധാരണയില്‍ എത്തിയിരുന്നു എന്നാണ് ജ്ഞാനവേല്‍ കോടതിയില്‍ പറഞ്ഞത്.

എന്നാല്‍, കരാറിനെ കുറിച്ച് വ്യക്തത ഇല്ലാത്തതിനാലും റീമേക്ക് അവകാശങ്ങള്‍ നല്‍കിയതിന് ശരിയായ രേഖകള്‍ ഇല്ലാത്തതിനാലും കോടതി സ്റ്റുഡിയോ ഗ്രീനിന്റെ പ്രതിരോധം നിരസിക്കുകയും ഉദ്യോഗസ്ഥന്റെ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. 2019ല്‍ 10.30 കോടി രൂപയും 18 ശതമാനം പലിശയും സ്റ്റുഡിയോ ഗ്രീന്‍ മടക്കി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റുഡിയോ ഗ്രീനിന്റെ നിര്‍മ്മാണത്തില്‍ എത്തുന്ന രണ്ട് സിനിമകളുടെ റിലീസിന് മുമ്പായി ഒരു കോടി രൂപ വീതം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

The Most Anticipated Superstar Suriya's 'Kanguva' Theatrical Trailer To  Release on August 12 | Times Now

അതേസമയം, ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുന്ന, പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തുന്ന തങ്കലാന്‍ കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ സിനിമയാണ്. വിക്രമിന്റെ ലുക്ക് കൊണ്ട് തന്നെ ഏറെ ചര്‍ച്ചയായ ചിത്രമാണ് തങ്കലാന്‍. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

300 കോടി ബജറ്റില്‍ ഒരുക്കിയ സൂര്യയുടെ കങ്കുവ, ഒക്ടോബര്‍ 10ന് ആണ് റിലീസ് ചെയ്യുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്. ദിഷ പഠാനിയാണ് സിനിമയില്‍ നായിക. ഹൈക്കോടതിയുടെ വിധിക്രമങ്ങള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി സിനിമകള്‍ വൈകാതെ തന്നെ തിയേറ്ററില്‍ എത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍.