നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി തര്‍ക്കത്തില്‍ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവരും മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നയന്‍താര ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ നയന്‍താര പകര്‍പ്പവകാശം ലംഘിച്ചു എന്നാണ് ധനുഷിന്റെ ഹര്‍ജി.
‘നാനും റൗഡി താന്‍’ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനാണ് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 3 സെക്കന്റ് രംഗത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടതോടെ ധനുഷിനെതിരായ നയന്‍താര തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വിവാദമായിരുന്നു.
എന്നാല്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലൈബ്രറിയില്‍ നിന്ന് ലഭിച്ചതാണെന്നും സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അല്ലെന്നുമാണ് നയന്‍താരയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. 24 മണിക്കൂറിനുള്ളില്‍ ഡോക്യുമെന്ററിയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യണം എന്നായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
അതേസമയം, നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററി നടിയുടെ 40-ാം ജന്മദിനത്തിലാണ് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടത്. ധനുഷിനെതിരെ തുറന്ന് പോരിന് തുടക്കമിട്ടിരിക്കുകയാണ് നയന്‍താര. കോപ്പിറൈറ്റ് വിഷയം മാത്രമല്ല, വര്‍ഷത്തോളമായുള്ള ഈഗോ പ്രശ്നമാണ് ഇവര്‍ക്കിടയില്‍ എന്ന ചര്‍ച്ചകള്‍ എത്തിയിരുന്നു.