നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ‘മഹാരാജ’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വേൾഡ് വൈഡ് കളക്ഷനിൽ 100 കോടി നേട്ടവുമായി മുന്നേറുകയാണ് ചിത്രം. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാം ചിത്രം കൂടിയാണ് മഹാരാജ.
തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നോൺ ലീനിയർ നറേഷനിലൂടെയാണ് നിതിലൻ സാമിനാഥൻ കഥ പറയുന്നത്. അതേസമയം ജൂലൈ 19-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്.
OFFICIAL : #Maharaja Worldwide Boxoffice Collection – 100 Crores+
THARAMANA SAMBAVAM 🔥 pic.twitter.com/8aY4YxStMP
— Trendswood (@Trendswoodcom) July 3, 2024
അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.