തെന്നിന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ച 'മഹാരാജ' ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് ആരംഭിക്കുന്നു..

നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ‘മഹാരാജ’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. ജൂൺ 14-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 80 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷനായി ബോക്സ്ഓഫീസിൽ നിന്നും നേടിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ 19- മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാം ചിത്രം കൂടിയാണ് മഹാരാജ.

റിവഞ്ച്- ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നോൺ ലീനിയർ നറേഷനിലൂടെയാണ് നിതിലൻ സാമിനാഥൻ കഥ പറയുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

Read more