രാജാവായി നിവിന്‍, മഹര്‍ഷിയായി ആസിഫ് അലി; ഫാന്റസിയും ടൈ ട്രാവലുമായി 'മഹാവീര്യര്‍', ഫസ്റ്റ്‌ലുക്ക്

നിവിന്‍ പോളിയെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്യര്‍’ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കഥ എം. മുകുന്ദന്റേതാണ്. എബ്രിഡ് ഷൈന്‍ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായിക.

ലാല്‍, സിദ്ദിഖ്, ലാലു അലക്‌സ്, വിജയ് മേനോന്‍, കൃഷ്ണ പ്രസാദ്, മേജര്‍ രവി, സുധീര്‍ കരമന, മല്ലിക സുകുമാരന്‍, പദ്മരാജന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രമോഹന്‍ സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ഇഷാന്‍ ചാബ്ര, എഡിറ്റര്‍ മനോജ്.

Read more