വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും സെല്‍ഫി എടുത്ത മേജര്‍ രവിക്ക് കടുത്ത വിമര്‍ശനം. നടനും ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് നടനും സംവിധായകനുമായ മേജര്‍ രവി പങ്കുവച്ചത്. പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചി എന്ന എക്‌സ് പേജിലാണ് മേജര്‍ രവി സെല്‍ഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇയാള്‍ മേജര്‍ രവി അല്ല മൈനര്‍ രവിയാണ് എന്നാണ് ചിലര്‍ പ്രതികരിക്കുന്നത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരല്‍മലയിലും നിലവില്‍.
അങ്ങനെയുള്ള ദുരന്ത ഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെല്‍ഫി എടുത്തത് ശരിയായില്ല എന്നുമാണ് വിമര്‍ശനങ്ങള്‍. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളുണ്ടെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
അതേസമയം, മോഹന്‍ലാലും മേജര്‍ രവിയുമടങ്ങുന്ന സംഘം ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് ഇന്ന് രാവിലെയോടെ എത്തിയത്. സൈനിക വേഷത്തില്‍ തന്റെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ ടീമിനൊപ്പമാണ് മോഹന്‍ലാല്‍ എത്തിയത്. ആര്‍മി ക്യാമ്പിലെത്തിയ ശേഷമാണ് അദ്ദേഹം ദുരന്തഭൂമി സന്ദര്‍ശിച്ചത്.