ബലൂണ്‍ ലൈറ്റിംഗില്‍ ചിത്രീകരണം, 'വാലിബനി'ലെ ആ രംഗങ്ങള്‍ ഒരുക്കിയത് ഇങ്ങനെ..; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംഗ്

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പ് ലഭിച്ചിരിക്കുന്ന സിനിമയാണ് ‘മലൈകോട്ടൈ വാലിബന്‍’. മലയാളത്തിലെ സൂപ്പര്‍ താരവും സൂപ്പര്‍ സംവിധായകനും ഒന്നിച്ച് എത്തുമ്പോള്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ എന്നും വൈറലാകാറുണ്ട്. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം ആരാദകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ഗാനരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

രാജസ്ഥാന്‍ പ്രധാന ലൊക്കേഷന്‍ ആയിരുന്ന ചിത്രത്തിലെ പുറത്തെത്തിയ ഗാനവും അവിടെ വച്ചാണ് ചിത്രീകരിച്ചത് ആയിരുന്നു. രാത്രി രംഗങ്ങളാണ് ഗാനത്തില്‍ കടന്നുവരുന്നത്. ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകര്‍ത്തിയിരിക്കുന്നത് എന്ന് മേക്കിംഗ് വീഡിയോയില്‍ കാണാനാവും.

130 ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് സംഗീതം. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.