ജിസ്യ പാലോറാന്‍
“ലൂസിഫര്‍, “മാമാങ്കം”, “തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍” തുടങ്ങി മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ പിറന്ന വര്‍ഷമായിരുന്നു 2019. അമ്പതുകോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. രണ്ട് കോടി ബജറ്റില്‍ ഒരുക്കിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 50 കോടി നേടിയാണ് മലയാള സിനിമയെ ഞെട്ടിച്ചത്.
2019-ലെ മികച്ച സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ ഇവയൊക്കെയാണ്.
ലൂസിഫര്‍:
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലുസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസുമാണ് നേടിയത്.
മാമാങ്കം:
ഈ വര്‍ഷം ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ മാമാങ്കം. 55 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം 100 കോടി ക്ലബ്ബില്‍ ഇടംനേടി. എം പത്മകുമാര്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്.
മധുരരാജ:
പോക്കിരി രാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ മധുര രാജ 104 കോടിയാണ് നേടിയത്. 27 കോടിയായിരുന്നു ബജറ്റ്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍:
മലയാള സിനിമയെ അമ്പരപ്പിച്ച ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. കുട്ടിത്താരങ്ങളെ വെച്ച് ചെറിയ മുതല്‍ മുടക്കില്‍ ഇറങ്ങിയ ചിത്രം ബോക്‌സോഫിസ് അത്ഭുതം തീര്‍ത്തു. രണ്ട് കോടി മുടക്കിയ ചിത്രം നേടിയത് 50 കോടിയാണ്.
ലവ് ആക്ഷന്‍ ഡ്രാമ:
നയന്‍താരയും നിവിന്‍ പോളിയും ഒന്നിച്ച ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളില്‍ മികച്ച വിജയം നേടി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.
കുമ്പളങ്ങി നൈറ്റ്‌സ്:
മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി മധു സി നാരായണന്‍ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. 6.5 കോടി മുതല്‍ മുടക്കില്‍ ഇറങ്ങിയ ചിത്രം 39 കോടിയാണ് നേടിയത്. സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍ തുടങ്ങിയ ശക്തമായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഉയരെ:
പാര്‍വ്വതി നായികയായെത്തിയ ഉയരെ മലയാളത്തിലെ മറ്റൊരു മികച്ച ചിത്രം കൂടിയാണ്. പാര്‍വതിയ്ക്ക് എതിരെയുണ്ടായ ഹേയ്റ്റ് കാമ്പെയ്‌നുകളെ അതിജീവിച്ചാണ് ഉയരെ പറന്നുയര്‍ന്നത്. നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്.
വൈറസ്:
കേരളത്തിലെ നിപ കാലത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് വൈറസ്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച വിജയമാണ് നേടിയത്.
ജല്ലിക്കട്ട്:
അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വലിയ ശ്രദ്ധ നേടിയതിന് ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് തിയേറ്ററില്‍ എത്തുന്നത്. ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നാല് കോടി മുതല്‍ മുടക്കിയ ചിത്രത്തിന് 25 കോടിയാണ് നേടാനായത്.