ഒരുപിടി നല്ല മലയാള ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചാണ് 2019 പടിയിറങ്ങുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചില സിനിമകള്‍ ഹിറ്റടിച്ച് ഇന്‍ഡുസ്ട്രിയെ തന്നെ ഞെട്ടിച്ചു. 192 സിനിമകളാണ് 2019 ല്‍ തിയേറ്ററുകളിലെത്തിയത്. 2018 ല്‍ ഇത് 152 എണ്ണമായിരുന്നു. പാട്ടുകളും താരങ്ങളും പോലെ ഇത്തവണയും ആഘോഷിക്കപ്പെട്ട ഡയലോഗുകളും ഉണ്ടായി. അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചില മാസ്സ് പഞ്ച് ഡയലോഗുകള്‍.
എന്ത് പ്രഹസനമാണ് സജി?
ചില ഡയലോഗുകള്‍ക്ക് സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറാനുള്ള ഒരു മാന്ത്രികശക്തിയുണ്ട്. അത്തരത്തില്‍ ഉള്ളൊരു ഡയലോഗാണ് കുമ്പളങ്ങി നൈറ്റ്സിലെ “എന്ത് പ്രഹസനമാണ് സജീ” എന്ന ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന ബോബി എന്ന കഥാപാത്രം സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന സജി എന്ന കഥാപാത്രത്തിനോട് പറയുന്ന ഡയലോഗ്. ചിത്രം പോലെ തന്നെ ആ ഡയലോഗും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി. പ്രഹസനം ഇപ്പോഴും മലയാളികള്‍ കൈവിടാതെ കൊണ്ടു നടക്കുന്നു. ആവശ്യാനുസരണം പ്രയോഗിക്കുന്നു.
ഷമ്മി ഹീറോയാടാ ഹീറോ….
കണ്ണുകളില്‍ ഒരു കള്ള ചിരി ഒളിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിയ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രം. അലക്കി തേച്ചു വടിവൊത്ത ഷര്‍ട്ടണിഞ്ഞ് ഒരു മാന്യന്റെ മുഖഭാവങ്ങളോടെ ഫഹദ് സ്‌ക്രീനില്‍ തകര്‍ത്താടിയപ്പോള്‍ ലക്ഷണമൊത്ത വില്ലന്‍ കഥാപാത്രം കൂടി ജനിക്കുകയായിരുന്നു. ആ കഥാപാത്രത്തെ പോലെ തന്നെ സ്വീകാര്യത നേടിയ ഡയലോഗായി “ഷമ്മി ഹീറോയാടാ ഹീറോ….” എന്ന ഫഹദിന്റെ ഡയലോഗും.
ഉപദേശം കൊള്ളാം വര്‍മ്മ സാറെ, പക്ഷേ തന്റെ തന്തയല്ല എന്റെ തന്ത…
മോഹന്‍ലാല്‍ ആരാധകരെ ഈ അടുത്ത് ഏറ്റവും അധികം കോരിത്തരിപ്പിച്ച ഡയലോഗ് ഏതു സിനിമയിലേതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ ലൂസിഫര്‍. അതില്‍ ഏറ്റവും ഫേമസ് ആയ ഡയലോഗാണ് സായ് കുമാറിന്റെ വര്‍മ്മ എന്ന കഥാപാത്രത്തോട് സ്റ്റീഫന്‍ നെടുമ്പള്ളിയായ മോഹന്‍ലാല്‍ പറയുന്ന “ഉപദേശം കൊള്ളാം വര്‍മ്മ സാറെ, പക്ഷേ തന്റെ തന്തയല്ല എന്റെ തന്ത…” എന്നത്. 2019 ല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയ ഡയലോഗും ഇതുതന്നെ.
“എനിക്കു മുണ്ട് ഉടുക്കാനും അറിയാം, ആവശ്യം വന്നാ അത് മടക്കി കുത്താനും അറിയാം “
ടൊവീനോയും നിരവധി ചിത്രങ്ങള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തി. അവയില്‍ ടൊവീനോയ്ക്ക് ഏറ്റവും കൈയടി നേടി കൊടുത്ത ഡയലോഗ് ലൂസിഫറിലേതാവും എന്നതില്‍ സംശയമില്ല. “എനിക്കു മുണ്ട് ഉടുക്കാനും അറിയാം ആവശ്യം വന്നാ അത് മടക്കി കുത്താനും അറിയാം. എനിക്ക് മലയാളം സംസാരിക്കാനും അറിയാം വേണ്ടിവന്നാല്‍ രണ്ട് തെറി പറയാനും അറിയാം.” ലൂസിഫറില്‍ ടൊവീനോടയുടെ ജതിന്‍ രാം ദാസ് എന്ന കഥാപാത്രം ഈ ഡയലോഗ് പറയുമ്പോള്‍ ആരാധകര്‍ തിയേറ്ററില്‍ ആവേശത്തേരിലായിരുന്നു.
“എന്റെ പിള്ളേരെ തൊടുന്നോടാ..?”
“”എന്റെ പിള്ളേരെ തൊടുന്നോടാ” ലൂസിഫര്‍ പുറത്തിറങ്ങിയ ശേഷം ഏറെ ഹിറ്റായ ഡയലോഗാണിത്. പൊലീല്കാരന്റെ നെഞ്ചത്ത് കാലെടുത്തുവച്ച് മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി ചോദിച്ച ചോദ്യം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ലൂസിഫറിലെ ഈ രംഗം വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങ് അല്ല ട്രിപ്പിള്‍ സ്‌ട്രോങ്ങ്
മമ്മൂട്ടിയുടെ ആദ്യ 100 കോടുി ചിത്രമായി മാറി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ മധുരരാജ. പോക്കിരാജയുടെ രണ്ടാം ഭാഗമായി തിയേറ്ററുകളിലെത്തിയ വൈശാഖ് ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതില്‍ മമ്മൂട്ടി പറഞ്ഞ ഈ ഡയലോഗ് എറെ ആരാധക പ്രീതി നേടി. “അന്നും ഇന്നും എന്നും രാജയും പിള്ളേരും സ്ട്രോങ്ങാ, ഡബിള്‍ അല്ല ട്രിപ്പിള്‍ സ്ട്രോങ്.”
ആഹാ അന്തസ്സ്
ഏറെ കാലത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലഭിനയിച്ച ചിത്രമായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥ. അതില്‍ ഇതുവരെയും ചെയ്യാത്ത തനിനാടന്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തിയത്. ലല്ലൂ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ദുല്‍ഖറിന്റെ “ആഹാ അന്തസ്സും” 2019 ല്‍ ഹിറ്റായി. “മഴ… ചായ… ജോണ്‍സണ്‍ മാഷ്… ആഹാ… അന്തസ്സ് !”
ഇനിയുമുണ്ട് ഏറെ….
കര്‍ഷകനല്ലേ മാഡം, ഒന്ന കള പറിയ്ക്കാനിറങ്ങിയതാ… (ലൂസിഫര്‍)
ഡാ മോനേ, ഇങ്ങ് പോര്, ഇങ്ങ് പോര്… (കുമ്പളങ്ങി നൈറ്റ്‌സ്)
“ഈ തൃശൂര്‍ എനിക്ക് വേണം, തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ..” (സുരേഷ് ഗോപി)
നിസാരം…നിസാരം… (കരിക്ക്)