കേരളാ ഫിലിം ചേംബര്‍ മാര്‍ച്ച് 5ന് വീണ്ടും യോഗം ചേരും. സിനിമാ സമരം ആരംഭിക്കുന്നതിന് മുമ്പുള്ള സമവായ ചര്‍ച്ചകള്‍ നടത്താനാണ് ഫിലിം ചേംബറിന്റെ നീക്കം. സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.
ജി സുരേഷ് കുമാറിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിനാല്‍ ആന്റണിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കും. ഫിലിം ചേംബര്‍ പ്രസിഡണ്ട് ബി ആര്‍ ജേക്കബുമായി സംസാരിച്ച ശേഷമാണ് ആന്റണി പോസ്റ്റ് പിന്‍വലിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമര്‍ശമാണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു.
സുരേഷ് കുമാറിനെ വിമര്‍ശിച്ചു കൊണ്ടുള്ള ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടന ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ഫിലിം ചേംബര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്റെ റിലീസ് ദിവസം, മാര്‍ച്ച് 27ന് പണിമുടക്ക് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. മാര്‍ച്ച് 27ന് സൂചനാ പണിമുടക്ക് നടത്തില്ലെന്ന് വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.