ഓണം ബോക്‌സ് ഓഫീസ് ഭരിച്ചത് മോഹന്‍ലാലും പിള്ളേരും; കൊത്ത പാന്‍ ഇന്ത്യന്‍ പരാജയം; നിലം തൊടാതെ വീണ് രാമചന്ദ്ര ബോസ്; അടക്കിവാണ് ആര്‍ഡിഎക്‌സ്; കളക്ഷന്‍ റിപ്പോര്‍ട്ട്

ഓണം റിലീസുകളില്‍ വലിയ പ്രതീക്ഷയാണ് മലയാളം സിനിമ വെച്ചുപുലര്‍ത്തിയത്. എന്നാല്‍, ആ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്നാണ് ബോക്‌സ് ഓഫീസ് കളഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത കാലത്ത് സ്റ്റാര്‍ വാല്യുവുള്ള ചിത്രങ്ങള്‍ ബോക്‌സ് ഓഫീസിലേക്ക് ഒരുമിച്ച് എത്തിയത് ഈ ഓണക്കാലത്തായിരുന്നു.

തമിഴ് ചിത്രമായ ജയിലര്‍ കേരള ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടി കൊണ്ടിരുന്നപ്പോഴാണ് മലയാള സിനിമയുടെ ഓണം റിലീസുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ജയിലറെ കടത്തിവെട്ടി മുന്നേറ്റം ഉണ്ടാക്കാന്‍ ഒരു സിനിമയ്ക്ക് മാത്രമെ ആയുള്ളൂ. കിങ് ഓഫ് കൊത്ത, ആര്‍ഡിഎക്‌സ്, രാജചന്ദ്ര ബോസ്സ് & കോ എന്നീ സിനിമകളാണ് ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയത്. ഇതില്‍ ആര്‍ഡിഎക്‌സ് മാത്രമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചത്.

ജയിലര്‍

ഓണത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് രജനീകാന്ത് നായകനായ ജയിലര്‍ കേരള ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ സിനിമയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമ റിലീസ് ചെയ്ത ആഗസ്റ്റ് പത്തിന് തന്നെ സിനിമയുടെ 80ല്‍ അധികം സ്‌പെഷ്യല്‍ ഷോകളാണ് കേരളത്തില്‍ നടന്നത്. ഇന്നലെ വരെ കേരളത്തില്‍ നിന്ന് സിനിമ കളക്ട് ചെയ്തത് 57.1 കോടി രൂപയാണ്. അടുത്തിടെ കേരള ബോക്‌സ് ഓഫീസില്‍ 50 കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രവും കൂടിയാണ് ജയിലര്‍. തിരുവനന്തപുരത്തുള്ള ഏരീസ് എസ്എല്‍ തിയറ്ററില്‍ നിന്നും 11 ദിവസത്തിനുള്ളില്‍ ഒരു കോടി രൂപയാണ് സിനിമ നേടിയത്. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കലക്ഷനില്‍ മുന്നിലെത്തിയത്.

രജനികാന്ത് നായകനായ ജയിലര്‍ നേടിയ ബ്രഹ്‌മാണ്ഡവിജയത്തിനൊപ്പമായിരുന്നു കേരളത്തിന്റെ ഓണക്കാലം. ഓണക്കാലത്ത് ഇതരഭാഷാചിത്രങ്ങള്‍ കേരളത്തില്‍ എത്താറുണ്ടെങ്കിലും ഒന്നാമതായി സാമ്പത്തികവിജയം നേടുന്നത് ഇതാദ്യം. റിലീസ് ദിവസത്തെ കലക്ഷനില്‍ കിങ് ഓഫ് കൊത്തയെയും മറികടന്ന ജയിലര്‍ 5.85 കോടി നേടി.

കിങ് ഓഫ് കൊത്ത

ഓണം റിലീസായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് സിനിമ തിയറ്ററിലേക്ക് എത്തിയത്. എന്നാല്‍, ആദ്യ ഷോയ്ക്ക് ശേഷമുള്ള നിരൂപണങ്ങളില്‍ സിനിമ വീണു. 50 കോടി മുടക്കി നിര്‍മിച്ച സിനിമയ്ക്ക് ഇതുവരെ മുടക്ക് മുതല്‍ തിരിച്ച് പിടിക്കാനായിട്ടില്ല. ആദ്യദിന കലക്ഷന്‍ 5.75 കോടിയായിരുന്നു.

എന്നാല്‍, പിന്നീട് ഈ മുന്നേറ്റം നിലനിര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 15.35 കോടി രൂപമാത്രം നേടാനെ ദുല്‍ഖര്‍ സിനിമയ്ക്കായുള്ളൂ. ഇതരഭാഷകളില്‍ നിന്ന് 7.05 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്ന് 15.90 കോടി രൂപയുമടക്കം 38.30 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയ ചിത്രമാണ് കിങ് ഓഫ് കൊത്ത.

രാമചന്ദ്ര ബോസ് ആന്‍ഡ് കോ

നിവിന്‍ പോളി-ഹനീഫ് അദേനി കൂട്ടുകെട്ടില്‍ എത്തിയ രാമചന്ദ്ര ബോസ് ആന്‍ഡ് കോ  എന്ന ചിത്രം തിയറ്ററുകളില്‍ നിലംതെടാനാകാതെ വീഴുകയായിരുന്നു. ആറു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമയ്ക്ക് നൂറിലധികം സ്‌ക്രീനുകള്‍ കേരളത്തില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍, രണ്ടാം ദിനം സിനിമ പ്രദര്‍ശിച്ച പല സ്‌ക്രീനുകളും ജയിലര്‍ കൊണ്ടു പോകുകയാണ് ഉണ്ടായത്.

പടവെട്ടിനും തുറമുഖത്തിനും ശേഷം നിവിന്‍ പോളിയുടേതായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ . എന്നാല്‍, മറ്റു രണ്ടു പടങ്ങളെ പോലെ തന്നെ വന്‍ പരാജയമാണ് സിനിമ ഏറ്റുവാങ്ങിയത്. കേരളത്തില്‍ നിന്ന് 3.40 കോടി മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ആകെ 611 ഷോകള്‍ മാത്രമാണ് സിനിമയ്ക്ക് ലഭിച്ചത്. പ്രേക്ഷകര്‍ കുറവായതോടെ പല തിയറ്ററുകളും സിനിമയെ എടുത്തുമാറ്റി.

ആര്‍ഡിഎക്‌സ്

ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയാണ് ‘ആര്‍ഡിഎക്സ്’. കേരളത്തിന് നിന്ന് മാത്രം 33.5 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. കേരളത്തില്‍ 1132 ഷോകളാണ് സിനിമ ഇതുവരെ പൂര്‍ത്തിയാക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 60 കോടി രൂപയാണ് ഇതുവരെ സിനിമ നേടിയത്. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ആര്‍ഡിഎക്സിന്റെ മുന്നേറ്റം. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ എഴുതിയത്. ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.