മലയാള സിനിമകളുടെ റിലീസ് അനുവദിക്കില്ല എന്ന തീരുമാനം മാറ്റി ഫിയോക്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയര്‍മാന്‍ ദിലീപ് ഫിയോക്കിന്റെ യോഗത്തിന് ശേഷം അറിയിച്ചു. തിയേറ്ററുകള്‍ അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനൊരു സമരം തിയേറ്ററുടമകള്‍ നടത്തില്ലെന്നും ദിലീപ് വ്യക്തമാക്കി.
ഇഷ്ടമുള്ള പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് 42 ദിവസത്തിന് ശേഷം മാത്രം സിനിമ നല്‍കുക എന്നീ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് മുമ്പാകെ ഉയര്‍ത്തിയാണ് ഫിയോക് സമരം ആരോപിച്ചത്.
ഫെബ്രുവരി 23 മുതല്‍ ആയിരുന്നു ഫിയോക് നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമ റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തത്. കൊച്ചിയില്‍ നടന്ന യോഗത്തിന് ശേഷം കാര്യങ്ങള്‍ മുമ്പത്തെ പോലെ മുന്നോട്ടു പോകുമെന്ന് ദിലീപ് വ്യക്തമാക്കി.
തിയേറ്ററുകള്‍ അടച്ചിടും എന്ന് നേരത്തെ പറഞ്ഞിട്ടില്ല. അടച്ചിട്ട് സമരത്തിന് തയ്യാറല്ല എന്നും ദിലീപ് വ്യക്തമാക്കി. ഇനി മാര്‍ച്ച് ഒന്നു മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യും. സമരം കാരണം മാറ്റിവച്ച നാദിര്‍ഷാ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം’ മാര്‍ച്ച് ഒന്നിന് തിയേറ്ററുകളിലെത്തും.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ‘കടകന്‍’ എന്ന ചിത്രവും മാര്‍ച്ച് ഒന്നിന് തന്നെ റിലീസ് ചെയ്യും. ദിലീപ് ചിത്രം ‘തങ്കമണി’ മാര്‍ച്ച് 7ന് ആണ് തിയേറ്ററില്‍ എത്തുന്നത്.