മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളിക്ക് ഒരു പൊന്‍തൂവല്‍ കൂടി. ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനാണ് ചിത്രം അര്‍ഹമായിരിക്കുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
നിരവധി അംഗീകാരങ്ങള്‍ ചിത്രത്തെ തേടിയെത്തിയിരുന്നു. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡിലും ചിത്രം തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും ചിത്രം എത്തിയിരുന്നു. സൈമ അവാര്‍ഡിലും ചിത്രം തിളങ്ങി.
‘ഗോദ’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിച്ച സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു.