നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടീസർ പുറത്ത്. കോമഡി ഴോണറിനൊപ്പം തന്നെ ചിത്രം സാമൂഹിക പ്രസക്തിയുള്ള മറ്റൊരു വിഷയംകൂടി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ നിന്നുള്ള സൂചനകൾ.
നിവിൻ പോളി നായകനായെത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം ചിത്രത്തെ കുറിച്ച് ഡിജോ ജോസ് ആന്റണി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ല എന്നാണ് ഡിജോ പറയുന്നത്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ ഏറ്റവും ബെസ്റ്റ് വർക്ക് ഇതാണെന്നും ഡിജോ കൂട്ടിചേർത്തു.
“ഷാരിസിന്റെ കയ്യിൽ നിന്ന് പ്രതീക്ഷിച്ച ഒരു സിനിമയല്ലിത്. എനിക്ക് തരാൻ വെച്ചിരുന്ന സ്ക്രിപ്റ്റ്അല്ലായിരുന്നു മലയാളി ഫ്രം ഇന്ത്യ. വേറെയെന്തോ പ്ലാൻ ആയിരുന്നു അവന്. സംവിധായകനേ ഞാൻ അല്ലായിരുന്നു.
അവൻ എന്തോ ഒരു ആവശ്യത്തിന് വേണ്ടി എൻ്റെ അടുത്ത് വന്നപ്പോൾ എന്നോട് ഈ കഥയെ കുറിച്ച് പറഞ്ഞു. ആ സമയത്ത് നിവിൻ ജനഗണമന കണ്ടതിനെ കുറിച്ചെല്ലാം എന്നോട് സംസാരിക്കുകയാണ്. നിവിനും ചിലപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് വേറെയൊരു സിനിമയാവും പ്രതീക്ഷിച്ചിട്ടുണ്ടാവുക.
പക്ഷെ എനിക്ക് മനസിൽ തോന്നിയത് ഇത് നിവിൻ തന്നെ ചെയ്യണമെന്നായിരുന്നു. ഇത് നിവിൻ പോളി ചെയ്‌താലേ നന്നാവൂ എന്ന് ഞങ്ങൾക്ക് തോന്നി. നല്ല ഫ്രഷ് ഫീൽ എന്നൊക്കെ പറയില്ലേ. അതായിരുന്നു ഇവന്റെ കഥ കേട്ടപ്പോൾ എനിക്ക് തോന്നിയത്.
എനിക്ക് തോന്നുന്നത് അവൻ എഴുതിയ സിനിമകളിൽ വെച്ച് ഏറ്റവും നല്ല സ്ക്രിപ്റ്റ് ഇതായിരിക്കും. പൂർണമായ വിശ്വാസമുണ്ട്. എന്തായാലും സിനിമ വരട്ടെ. ഞാൻ ചെയ്‌ത സിനിമകളിലും എനിക്ക് മനസ് കൊണ്ട് ഏറ്റവും അടുപ്പമുള്ള ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.
ഒന്നും ഉണ്ടായിട്ടല്ല. ബേസിക്കലി നമ്മുടെ ഒരു കഥയാണ്. നിങ്ങൾക്ക് ചിലപ്പോൾ സിനിമ ഇഷ്‌ടപ്പെടില്ലായിരിക്കും, ചിലപ്പോൾ ഇഷ്‌ടപ്പെടുമായിരിക്കും പക്ഷെ എനിക്ക് ഒരു കാര്യം ഉറപ്പ് പറയാൻ പറ്റും ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ല. അതുറപ്പായിട്ടും മലയാളി ഫ്രം ഇന്ത്യയെ കുറിച്ച് എനിക്ക് പറയാൻ സാധിക്കും.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ ഡിജോ ജോസ് ആന്റണി പറഞ്ഞത്.
അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.