മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുമ്പോള്‍ ചിത്രത്തിനായി ഒരുക്കിയ ഗംഭീര സെററിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാലു മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്.
മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നാണ്.
മാമാങ്കത്തിന്റെ സെറ്റുകള്‍ നിര്‍മ്മിക്കാനായി 10 ടണ്‍ സ്റ്റീല്‍, രണ്ടായിരം ക്യുബിക് മീറ്റര്‍ തടി, തുടങ്ങിയവ ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. 300 വര്‍ഷം മുമ്പത്തെ കാലഘട്ടം നിര്‍മ്മിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍, തുടങ്ങിയവയും ടണ്‍ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടു നില്‍ക്കുന്ന അവസാന പാദ ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്. ഇതിനായി പ്രതിദിനം 2000 ലിറ്റര്‍ വിളക്കെണ്ണയാണ് ഉപയോഗിക്കുന്നത്. നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തില്‍ 3000 ആളുകള്‍ വരെ പങ്കെടുക്കുന്ന രംഗങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്. ഡസന്‍ കണക്കിന് ആനകളും കുതിരകളും അവസാന ഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കും.
മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മലയാളം ടീസര്‍ 26 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. പ്രവാസി വ്യവസായി വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എം. ജയചന്ദ്രനാണ്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നിവടങ്ങളിലാണ് ചിത്രീകരിച്ചത്.