പതിനൊന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ശ്രീലങ്കയില്‍ ആരംഭിച്ചു എന്നാണ് വിവരം. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാകും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുക്കുക. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയെ കണ്ടിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തിയത്.
മലയാളം സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡൈ്വസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും. അതേസമയം ഈ വമ്പന്‍ പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതല്‍ സിനിമാ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്.