മമ്മൂട്ടി സമ്മാനിച്ച റെയ്ബാന്‍ ഗ്ലാസ് വച്ചുള്ള ചിത്രം പങ്കുവച്ച് രമേഷ് പിഷാരടി. ‘റോഷാക്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ആസിഫ് അലിക്ക് താരം റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു. അതുപോലെ മമ്മൂട്ടി നല്‍കിയ ഗ്ലാസ് വച്ചാണ് രമേഷ് പിഷാരടി എത്തിയത്.
”മമ്മൂക്കയില്‍ നിന്നുള്ള ഗിഫ്റ്റ്. നന്ദി പറയുന്നത് ഔപചാരികതയാകും. എല്ലാറ്റിനോടും നന്ദി പറയുന്നു” എന്നാണ് റെയ്ബാന്‍ ഗ്ലാസ് ധരിച്ച് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘റോളക്‌സ് കിട്ടിയില്ലെങ്കില്‍ എന്താ റെയ്ബാന്‍ കിട്ടിയില്ലേ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സിബിഐ 5 ആണ് രമേഷ് പിഷാരടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. വിനയ് എന്ന സിബിഐ ഓഫീസറുടെ വേഷത്തിലാണ് രമേഷ് പിഷാരടി വേഷമിട്ടത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വന്‍ ആണ് പിഷാരടി ഒടുവില്‍ സംവിധാനം ചെയ്യുന്ന ചിത്രം.
മമ്മൂട്ടിക്കൊപ്പം പൊതുപരിപാടികളില്‍ അടക്കം രമേഷ് പിഷാരടി പങ്കെടുക്കാറുണ്ട്. പൊതുപരിപാടികളില്‍ മമ്മൂട്ടിക്കൊപ്പമുള്ള പിഷാരടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും താന്‍ എപ്പോഴും കൂടെ പോകുന്നതാണ് എന്നും പിഷാരടി തുറന്നു പറഞ്ഞിരുന്നു.