ആ റോളില്‍ മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ല

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിനെ പുകഴ്ത്തി തമിഴ് നിര്‍മ്മാതാവും എഴുത്തുകാരനുമായ ധനഞ്ജയന്‍ ഗോവിന്ദന്‍. ഈ ചിത്രത്തിലെ റോളിന് മമ്മൂട്ടിയെ അല്ലാതെ മറ്റാരെക്കുറിച്ചും ചിന്തിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതി. പേരന്‍പിന്റെ 30 മിനിറ്റ് കണ്ടപ്പോള്‍ തന്നെ ചിത്രം തന്റെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും അദ്ദേഹം എഴുതി. ഇത് തമിഴ് സിനിമയുടെ അഭിമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു പാട് നന്ദിയുണ്ട് മമ്മൂക്ക, റാമിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്… ഉത്തരവാദിത്തമുള്ള ഒരു അച്ഛന്റെ വേഷത്തില്‍ നിങ്ങള്‍ മികച്ചുനിന്നു. ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ചിത്രം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം തമിഴ് സിനിമയുടെ അഭിമാനമാകുമെന്നതില്‍ സംശയമില്ല”

ഈ മാസം 27 ന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആണ് “പേരന്‍മ്പി”ന്റെ ആദ്യ പ്രദര്‍ശനം. തമിഴ് സിനിമയ്ക്കായുള്ള പ്രത്യേക വിഭാഗമായ “ഫയറി”ലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ദേശീയ പുരസ്‌കാര ജേതാവായ റാം “തരമണി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്നതാണ് “പേരന്‍മ്പ്”. റാമിന്റെ തന്നെ സംവിധാനത്തിലുള്ള “തങ്കമീന്‍കള്‍” എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ലഭിച്ചത്.