പൃഥ്വിരാജിന്റെ ‘എമ്പുരാന്‍’ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്ക് ഇത് വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും.
സ്റ്റീഫന്‍ നെടുമ്പള്ളിയായും ഖുറേഷി അബ്രാമായും എത്തുന്ന മോഹന്‍ലാലിന്റെ ഗോഡ് ഫാദര്‍ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കിപീഡിയയില്‍ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്‌ക്രീനില്‍ ഒന്നിക്കുന്ന നിമിഷങ്ങള്‍ക്ക് കൂടിയായിരിക്കും ഇത്. 2008 ലിറങ്ങിയ ട്വന്റി20 എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
അതേസമയം, ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയായാല്‍ എമ്പുരാന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ലൂസിഫര്‍ റിലീസ് ചെയ്ത മാര്‍ച്ച് 28ന് തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
2025 മാര്‍ച്ച് 28 ന് എമ്പുരാന്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും പറഞ്ഞിരുന്നു.