താരസംഘടനയായ അമ്മയില്‍നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച ചുരുക്കം പേരില്‍ മമ്മൂട്ടിയുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മിയെ പുറത്താക്കുന്നതിനെ എതിര്‍ത്തത്.
ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കല്‍ നടപടി ഒന്ന് കൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.
ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കിട്ടില്ലെന്ന് സംഘടന. അന്തിമ തീരുമാനം എക്സിക്യൂട്ടിവ് കമ്മറ്റിയുടേതാണ്. ഷമ്മി തിലകന്റെ അഭിപ്രായം കൂടി കേട്ട ശേഷമായിരിക്കും തീരുമാനമെന്ന് സിദ്ദിഖ് പറഞ്ഞു. വാർഷിക ജനറൽ ബോഡിക്ക് ഒരാളെ പിരിച്ചു വിടാൻ അധികാരമില്ലെന്നും, എടുത്തു ചാടി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സംഘടന നേതാക്കൾ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്കാണ് ഷമ്മി തിലകനെ പുറത്താക്കിയെന്ന വാർത്ത പുറത്തു വന്നത്. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതും, അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗം മൊബൈലിൽ ചിത്രീകരിച്ചതിനായിരുന്നു നടപടി.
Read more
ജനറൽ ബോഡി യോഗം മൊബൈലിൽ പകർത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്കു മുമ്പാകെ ഷമ്മി തിലകൻ വിശദീകരണം നൽകിയിരുന്നില്ല. മുൻപ് നാലു തവണ ഷമ്മിയോട് ഹാജരാകാൻ അമ്മ നിർദേശിച്ചിരുന്നുവെങ്കിലും നടൻ ഹാജരായില്ല.