മമ്മൂക്കയുടെ 10 മിനിറ്റ് പോലും വെറുപ്പിക്കല്‍.. കോപ്പിയടിച്ചാല്‍ മനസിലാവില്ലെന്ന് കരുതിയോ? 'ഏജന്റ്' ഒ.ടി.ടി റിലീസിന് പിന്നാലെ ട്രോള്‍പൂരം

2023ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റര്‍ ദുരന്തം ഇപ്പോള്‍ ഒ.ടി.ടിയില്‍ ട്രോളുകള്‍ വാരിക്കൂട്ടുകയാണ്. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘കാതല്‍’ തുടങ്ങി മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ സിനിമകള്‍ എത്തിയ വര്‍ഷമാണ് കരിയറിലെ ബിഗ്ഗെസ്റ്റ് ഫ്‌ളോപ്പും മമ്മൂട്ടി നല്‍കിയത്. തെലുങ്കില്‍ ‘യാത്ര’ എന്ന ഹിറ്റ് സിനിമ ചെയ്ത താരം തന്നെയാണ് ‘ഏജന്റ്’ എന്ന ദുരന്ത സിനിമയും ചെയ്തത്.

2023ല്‍ ഏപ്രില്‍ 28ന് ആയിരുന്നു ഏജന്റ് തിയേറ്ററുകളില്‍ എത്തിയത്. 85 കോടി ബജറ്റില്‍ എത്തിയ സിനിമയ്ക്ക് വെറും 8.5 കോടി രൂപ മാത്രമാണ് തിയേറ്ററില്‍ നിന്നും നേടാനായത്. സിനിമയുടെ ഒ.ടി.ടി റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും സ്ട്രീമിങ് ആരംഭിച്ചിരുന്നില്ല. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമയുടെ ഒ.ടി.ടി റിലീസ് വൈകിയത്. ഒടുവില്‍ തര്‍ക്കമെല്ലാം പരിഹരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 13ന് ആണ് സിനിമ സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചത്.

സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സിനിമയ്ക്ക് ട്രോള്‍പൂരമാണ് സോഷ്യല്‍ മീഡിയയില്‍. ട്രോളുകള്‍ അധികവും നടന്‍ മമ്മൂട്ടിയെ ലക്ഷ്യം വച്ചുള്ളതാണ്. റോ മേധാവി കേണല്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. മികച്ച സിനിമകളും കഥാപാത്രങ്ങളും മാത്രം ചെയ്തിരുന്ന മമ്മൂട്ടി എങ്ങനെയാണ് ഈ സിനിമയ്ക്ക് ഓക്കെ പറഞ്ഞത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ രംഗങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലടക്കം പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശനങ്ങളും ട്രോളുകളും എത്തുന്നത്.

‘അന്യഭാഷയില്‍ പോകുമ്പോള്‍ അഭിനയം മറക്കുന്നതാണോ അതോ അവിടെയുള്ളവര്‍ ഇങ്ങനെ അഭിനയിപ്പിക്കുന്നതാണോ…’, ‘മമ്മൂക്കയുടെ 10 മിനിറ്റ് പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ തന്നെ ഞാന്‍ നിര്‍ത്തി… താങ്ങാന്‍ കഴിയുന്നില്ല. ബാലയ്യ ഫാന്‍സിന് ഒക്കെ ഇഷ്ടമാകും’, ‘അക്കിനേനി ഒക്കെ ഇങ്ങനെ അഭിനയിക്കുന്നത് മനസിലാക്കാം… പക്ഷെ മമ്മൂക്ക’ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചില കമന്റുകള്‍.

അതേസമയം സിനിമയിലെ ഒരു കോപ്പിയടി സീനും പ്രേക്ഷകര്‍ കണ്ടുപിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സീനില്‍ കൊല്‍ക്കത്തയില്‍ ഒരു സ്‌ഫോടനം നടന്നതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ വിവരണത്തിനൊപ്പം സിനിമയില്‍ ആ സ്‌ഫോടനത്തിന്റെ സീനും കാണിക്കുന്നുണ്ട്. ഇത് ജീവ നായകനായെത്തിയ, 2011ല്‍ പുറത്തിറങ്ങിയ ‘കോ’ എന്ന സിനിമയിലെ രംഗങ്ങള്‍ ആണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

തെലുങ്ക് പ്രേക്ഷകര്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയാണോ തമിഴ് സിനിമയില്‍ നിന്ന് കോപ്പിയടിച്ചത് എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. കോ സിനിമയുടെ തെലുങ്ക് വേര്‍ഷന്‍ വലിയ ഹിറ്റായിരിക്കെ തന്നെ ഇത്തരം ഒരു പ്രവര്‍ത്തി കാണിക്കാന്‍ ഏജന്റ് ടീമിന് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.

അതേസമയം, കോവിഡ് കാലത്തെ പ്രതിസന്ധികളെ തുടര്‍ന്ന് തിയേറ്ററിലെത്താന്‍ ലേറ്റ് ആയിപ്പോയ സിനിമ കൂടിയാണ് ഏജന്റ്. 2021 ഡിസംബര്‍ 24ന് ആയിരുന്നു സിനിമയുടെ റിലീസ് ആദ്യം തീരുമാനിച്ചത്. പിന്നീട് 2022ല്‍ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും സിനിമ തിയേറ്ററിലെത്തിയില്ല. അഖില്‍ അക്കിനേനിക്ക് സംഭവിച്ച അപകടങ്ങളെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഡിലേ ആയി. ഒടുവില്‍ 2023ല്‍ ജനുവരിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും സിനിമ ഏപ്രില്‍ ആണ് തിയേറ്ററിലെത്തിക്കാന്‍ സാധിച്ചത്.

ഹിപ്പ് ഹോപ്പ് തമിഴാ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് നവീന്‍ നൂലിയാണ്. ക്യാമറ റസൂല്‍ എല്ലൂരും കലാസംവിധാനം അവിനാഷ് കൊല്ലയും ആയിരുന്നു. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിച്ചത്. മമ്മൂട്ടിക്കും അഖില്‍ അക്കിനേനിക്കുമൊപ്പം ഡിനോ മോറിയ, സാക്ഷി വൈദ്യ, വിക്രംജീത്ത്, സുശാന്ത് സിങ്, ഡെന്‍സില്‍ സ്മിത്ത്, സമ്പത്ത് രാജ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?