കൊടൂര വില്ലന്റെ വരവ്; 'കളങ്കാവല്‍' ഇന്ത്യ കണ്ട ഏറ്റവും വലിയ കൊലയാളിയോ അതോ ദാരിക നിഗ്രഹമോ?

പോസ്റ്റര്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി മമ്മൂട്ടിയുടെ ‘കളങ്കാവല്‍’. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. വിനായകന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

കളങ്കാവല്‍ എന്ന ടൈറ്റില്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും ആചരിക്കപ്പെടുന്നത്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവല്‍ നടക്കാറുണ്ട്.

പാച്ചല്ലൂര്‍, ആറ്റുകാല്‍ എന്നീ ക്ഷേത്രങ്ങളില്‍ കളങ്കാവല്‍ ചടങ്ങ് ആചരിക്കാറുണ്ട്. കളത്തില്‍ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവല്‍ സമയത്ത് ദേവി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിത്രത്തില്‍ ദാരികനാര്, ദേവിയാര് എന്ന് അറിയാന്‍ റിലീസ് വരെ കാത്തിരിക്കണം.

എന്നാല്‍ ഈ ചടങ്ങ് തന്നെയാണോ സിനിമയില്‍ പ്രതിപാദിക്കുക എന്നതും വ്യക്തമല്ല. 30 ഓളം സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഉപയോഗിച്ച ശേഷം സ്വര്‍ണ്ണം മോഷ്ടിച്ച് കൊലപ്പെടുത്തുന്ന കൊലയാളി ആണ് കളങ്കാവല്‍ എന്നുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിന്‍ കെ ജോസ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Read more