മമ്മൂട്ടിയുടെ ‘കാതല്‍’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ചില രാജ്യങ്ങള്‍. നവംബര്‍ 23ന് ചിത്രം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് വിലക്ക് വന്നിരിക്കുന്നത്. ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാതലിന്റെ ഉള്ളടക്കമാണ് ചിത്രം വിലക്കാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ ചിത്രത്തിനും ബാന്‍ വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. കാതലില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐഎഫ്എഫ്ഐ) ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഐഎഫ്എഫ്ഐ പ്രീമിയറിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ സിനോപ്സിസില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതു കൊണ്ടാകും ചിത്രം ഈ രാജ്യങ്ങളില്‍ വിലക്കാനുള്ള കാരണം. മമ്മൂട്ടിയുടെ കഥാപാത്രമായ ജോര്‍ജ് ദേവസി സ്വവര്‍ഗാനുരാഗിയാണ്.
അതില്‍ പ്രശ്‌നവുമില്ലെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഹര്‍ജി ഭാര്യ ഓമന നല്‍കുന്നുന്നു എന്നാണ് സിനോപ്‌സിസില്‍ പറയുന്നത് എന്നാണ് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്തത്. ഐഎഫ്എഫ്‌ഐയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍.