വരാനിരിക്കുന്നത് സ്റ്റൈലിഷ് ത്രില്ലര്‍; മമ്മൂട്ടി വീണ്ടും നവാഗത സംവിധായകനൊപ്പം

തന്നിലെ നടന് എന്തെങ്കിലും പുതിയത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി എന്നും നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങാറുള്ളത്. താരത്തിന്റെ ഈ പ്രതീക്ഷയ്ക്ക് പലപ്പോഴും കോട്ടം തട്ടാറുമില്ല. മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നതും ഇനി അഭിനയിക്കാനിരിക്കുന്നതും നവാഗത സംവിധായകരുടെ സിനിമയിലാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷമുള്ള താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്.

അടുത്തതായി നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കുന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുക. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ജൂണിലാണ് പുറത്തെത്തിയത്. ആ സിനിമ ഇപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കണ്ണൂര്‍ സ്‌ക്വാഡ് പൂര്‍ത്തിയാക്കിയാല്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഡിനോ ഡെന്നിസ് ചിത്രത്തില്‍ ആയിരിക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

മാര്‍ച്ച് അവസാനം ഡിനു ഡെന്നിസ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍. സ്‌റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു സിനിമയായിരിക്കും ഇതെന്നും ‘റോഷാക്ക്’ ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നുമാണ് ജിനു വ്യക്തമാക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസിനൊപ്പം ജിനു എബ്രഹാമും ചേര്‍ന്ന് ആരംഭിച്ച നിര്‍മ്മാണ കമ്പനിയായ തിയേറ്റര്‍ ഓഫ് ഡ്രീംസ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

നവാഗത സംവിധായകന് ഒപ്പം മാത്രമല്ല, പുതിയൊരു പ്രൊഡക്ഷന്‍ കമ്പനിക്കൊപ്പം കൂടിയാണ് ഇത്തവണ മമ്മൂട്ടി കൈകോര്‍ത്തിരിക്കുന്നത്. ഡിനു ഡെന്നീസ് ഒരുക്കുന്ന സിനിമ പുതിയൊരു അനുഭവം തന്നെയാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഡിനു ഡെന്നീസിന്റെ പിതാവ് കലൂര്‍ ഡെന്നീസിനൊപ്പം എട്ടോളം ഹിറ്റ് സിനിമകള്‍ മമ്മൂട്ടിയുടെതായി എത്തിയിട്ടുണ്ട്.

അതേസമയം, പൂനെയില്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. പൂനെയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മമ്മൂട്ടി സ്വയം കാര്‍ ഓടിച്ച് പോകുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. കൂടാതെ ലൊക്കേഷനിലേക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പോവുന്ന താരത്തിന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more

പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ഈ സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ ആയിരുന്നു മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കാതല്‍’ എന്ന സിനിമയാണ് ഇനി റിലീസിന് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം.