വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മമ്മൂട്ടി ചിത്രം ‘രാപ്പകല്‍’. 2005ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടിയിരുന്നു. എന്നാല്‍ കൈയ്യടികള്‍ അല്ല ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൃഷ്ണന്‍ എന്ന നായക കഥാപാത്രത്തിന് അടക്കം ട്രോളുകളാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ വലിയൊരു തറവാട്ടുവീട്ടിലെ പണിക്കാരനായാണ് അനാഥനായ കൃഷ്ണന്‍ എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രസൃഷ്ടി അത്ര നന്നായിട്ടില്ലെന്നാണ് പുതിയ വായനകള്‍. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കഥാപാത്രമാണിതെന്നാണ് ചിത്രത്തിലെ വിവിധ സീനുകള്‍ എടുത്തുപറഞ്ഞു കൊണ്ട് ട്രോളുകളില്‍ പറയുന്നത്.
ഇത്തരം സീനുകള്‍ ചേര്‍ത്തു വച്ചുകൊണ്ടുള്ള വീഡിയോകളും എത്തിയിട്ടുണ്ട്. നന്മമരം എന്ന് ചിത്രത്തില്‍ കൃഷ്ണനെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, മറ്റുള്ളവരില്‍ തന്റെ ചിന്തയും ചിട്ടവട്ടങ്ങളും അടിച്ചേല്‍പ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്ന് പറയുന്നവരുമുണ്ട്.
അതേസമയം, 2005ല്‍ ആണ് രാപ്പകല്‍ റിലീസ് ചെയ്തത്. കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയായത്. ശാരദയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ബാലചന്ദ്ര മേനോന്‍, ഗീതു മോഹന്‍ദാസ്, വിജയരാഘവന്‍, സലിം കുമാര്‍, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ, സുബ്ബലക്ഷ്മി, കലാശാല ബാബു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.