ബോക്‌സ് ഓഫീസ് ഇടിച്ച് കുലുക്കി, മമ്മൂട്ടിയുടെ തീപ്പൊരി ഐറ്റം; 'ടര്‍ബോ' ആദ്യ ദിനം നേടിയത് 15 കോടിക്കും മുകളില്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യ്ക്ക് ഒാപ്പണിംഗ് ദിനത്തില്‍ ഗംഭീര കളക്ഷന്‍. ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ ഗംഭീര കളക്ഷന്‍ ആണ് ആഗോളതലത്തില്‍ നേടിയത്. 17.3 കോടി രൂപയാണ് ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍. കേരളത്തില്‍ നിന്നും മാത്രം 6.2 കോടി രൂപയാണ് നേടിയത്.

ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനം 156 എക്‌സ്ട്രാ ഷോകളാണ് ടര്‍ബോയ്ക്കായി ചാര്‍ട്ട് ചെയ്തിരുന്നത്. ആദ്യ ഷോയ്ക്ക് തന്നെ മികച്ച പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രം നേടിയത്. മമ്മൂട്ടിയുടെ സിനിമ കരിയറില്‍ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടര്‍ബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിച്ചത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച സിനിമയാണ് ടര്‍ബോ.