പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ‘ടർബോ’ വേൾഡ് ബോക്സ്ഓഫീസ് കളക്ഷനിൽ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് 5 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ അവിസ്മരണീയമായ ഈ കുതിപ്പെന്നതും ശ്രദ്ധേയമാണ്.
മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച അഞ്ചാം ചിത്രം കൂടിയാണ് ടർബോ.
ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ടർബോയിൽ മമ്മൂട്ടി എത്തുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്.
ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ടർബോ.