മലയാളത്തില്‍ റെക്കോഡ് കുതിപ്പുമായി മമ്മൂട്ടി ചിത്രം ‘ടര്‍ബോ’യുടെ പ്രീ സെയില്‍. മെയ് 23ന് റിലീസ് ചെയ്യുന്നതിന് മുമ്പുള്ള ബുക്കിംഗ് തീരാന്‍ ഇനിയും ഒരു ദിവസം ബാക്കിനില്‍ക്കെയാണ് റെക്കോര്‍ഡ് നേട്ടം. 1,400 ഷോകളില്‍ നിന്നായി 2.60 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ’ത്തിന്റെ റെക്കോര്‍ഡ് ടര്‍ബോ തിരുത്തിക്കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടര്‍ബോ മാറി.
കേരളത്തില്‍ 300ല്‍ അധികം തിയേറ്ററുകളിലാണ് ടര്‍ബോ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയാണ് ടര്‍ബോ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.