തെലുങ്കില്‍ വീണ്ടും ഹിറ്റ് അടിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. ഇന്നലെ റിലീസ് ചെയ്ത ‘യാത്ര 2’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി. വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്ര 2019ല്‍ ആയിരുന്നു എത്തിയത്.
അഞ്ച് വര്‍ഷത്തിനിപ്പുറമാണ് സംവിധായകന്‍ യാത്ര 2 ഒരുക്കിയത്. ആദ്യ ഭാഗത്ത് വൈഎസ്ആര്‍ ആയിരുന്നു കേന്ദ്ര കഥാപാത്രമെങ്കില്‍ രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം അടിസ്ഥാനമാക്കിയാണ് എത്തിയിരിക്കുന്നത്.
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്. രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞിരിക്കുന്നത്.
വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ ജീവ ആണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകരാണ് ആഘോഷമാക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഫ്‌ളക്‌സുകളുമാണ് തിയേറ്ററില്‍ അടക്കം വച്ചിരിക്കുന്നത്.
”ശക്തമായ ഡയലോഗുകളും ഔന്നിത്യമുള്ള ആദ്യ പകുതിയും മികച്ച രണ്ടാം പകുതിയും. വൈകാരികവും നാടകീയവുമായ ഡയലോഗുകളുമാണ് സിനിമയുടെ സ്‌ട്രെങ്ത്…” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചത്.
”വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ ജീവിച്ചു. അതിഗംഭീരമായ അഭിനയം” എന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം, 50 കോടി ബജറ്റിലാണ് യാത്ര 2 ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും ജീവക്കും പുറമേ കേതകി നാരായണന്‍, സൂസന്നെ ബെണറ്റ്, മഹേഷ് മഞ്ജരേക്കര്‍, ആശ്രിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.