ഭിക്ഷാടന മാഫിയയില്‍ നിന്നും എന്നെ രക്ഷിച്ചത് മമ്മൂട്ടി സാര്‍ ആണ്, അവര്‍ക്ക് ഇതുവരെ ഇക്കാര്യം അറിയില്ല..; ജീവിതം പറഞ്ഞ് ശ്രീദേവി

സിനിമയെ വെല്ലുന്ന ജീവിതകഥ പറഞ്ഞ് പാലക്കാട് കാവുശേരി സ്വദേശിനി ശ്രീദേവി. ഭിക്ഷാടന മാഫിയയില്‍ നിന്നും മമ്മൂട്ടി തന്നെ രക്ഷിച്ചതിനെ കുറിച്ചാണ് ശ്രീദേവി തുറന്നു പറഞ്ഞിരിക്കുന്നത്. ‘പട്ടാളം’ സിനിമയുടെ സെറ്റില്‍ വച്ച് കണ്ട തന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി പഠിപ്പിച്ചതിനെ കുറിച്ചാണ് ശ്രീദേവി പറയുന്നത്.

ജനിച്ചുയടനെ അമ്മ ഉപേക്ഷിച്ച് പോയ ശ്രീദേവിയെ ഭിക്ഷാടന മാഫിയയുടെ ഭാഗമായ നാടോടിസ്ത്രീ തങ്കമ്മ എടുത്ത് വളര്‍ത്തുകയായിരുന്നു. പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിത ജീവിതം നയിക്കുന്നതിനിടെ ആറാം വയസിലാണ് ശ്രീദേവി മമ്മൂട്ടിയെ കാണുന്നത്.

വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ഭിക്ഷ ചോദിച്ച് ചെന്നു. അത് മമ്മൂട്ടി സാറാണെന്ന് അന്ന് അറിയില്ലായിരുന്നു. ‘സാറേ.. എനിക്ക് വിശക്കുന്നു’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു. തന്റെ കൂടെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. അവരില്‍ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു.

മമ്മൂട്ടി സാറിന് സംശയം തോന്നി അദ്ദേഹം കാര്യങ്ങള്‍ തിരക്കി. ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് തന്നെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. ആരുമില്ലാത്ത തന്നെയൊരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് താനെന്നും അദ്ദേഹം മനസ്സിലാക്കി.

ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നു പറഞ്ഞ പൊതുപ്രവര്‍ത്തകനോട്, ‘എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ശ്രീദേവി സ്‌കൂളില്‍ ഏറെ ബുദ്ധിമുട്ടി.

ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി പിന്നീട്, ശ്രീദേവിയെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് താന്‍ ആലുവ ജനസേവയില്‍ എത്തിയത്. ജനസേവയില്‍ എത്തിയപ്പോള്‍ സന്തോഷമായി. നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെ ഉണ്ടായിരുന്നു അവിടെ.

Read more

ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നു. ആരോ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നല്ലാതെ, ഇതിനു പിന്നില്‍ മമ്മൂട്ടി സാര്‍ ആണെന്ന് ഭിക്ഷാടന മാഫിയക്കാര്‍ക്ക് അറിയില്ലായിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്. താരത്തെ കണ്ട് നന്ദി അറിയിക്കാന്‍ ആഗ്രമുണ്ടെന്നും ശ്രീദേവി ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ പറഞ്ഞു.