വന്ദനയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയും; വീട്ടിലെത്തി നടന്‍ ; വീഡിയോ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ പിതാവിനെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി. വന്ദനാദാസിന്റെ വീട്ടില്‍ എത്തിയാണ് വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസിനെ മമ്മൂട്ടി ആശ്വസിപ്പിച്ചത്. രാത്രി എട്ടേകാലോടെയാണ് വന്ദനയുടെ വീട്ടില്‍ താരമെത്തിയത്.

പതിനഞ്ച് മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു. അച്ഛന്‍ മോഹന്‍ദാസിനോട് മകളെ കുറിച്ച് ചോദിച്ചറിഞ്ഞ മമ്മൂട്ടി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. മമ്മൂട്ടിയെ കൂടാതെ നടന്‍ രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും വന്ദനയുടെ വീട്ടിലെത്തി.

ബുധനാഴ്ച പുലര്‍ച്ചെയാണ് ലഹരിക്കടിമയായ സന്ദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് ഡോ. വന്ദന മരിക്കുന്നത്. അബ്കാരി കരാറുകാരനായ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Read more

അക്രമാസക്തനായ സന്ദീപിനെ അത്യാഹിത വിഭാഗത്തില്‍ പൂട്ടിയിട്ട ശേഷം പൊലീസ് പുറത്തുകടന്നപ്പോള്‍ ഉള്ളിലകപ്പെട്ട ഡോ. വന്ദനയെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കൊണ്ട് തുടരെത്തുടരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.