മമ്മൂട്ടി എത്തുക പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ?; ജിതിൻ കെ ജോസ് ചിത്രം ഈ മാസം ആരംഭിക്കും

മമ്മൂട്ടിയെ നായകനാക്കിയുള്ള നവാഗത സംവിധായകൻ ജിതിൻ കെ ജോസ് ചിത്രം ഈ മാസം ആരംഭിക്കും. മമ്മൂട്ടി വീണ്ടും കാക്കി അണിയാൻ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നഗർകോവിലിലാണ് നടക്കുക. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്.

ചിത്രീകരണം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മമ്മൂട്ടി സെറ്റിൽ ജോയിൻ ചെയ്യുമെന്നാണ് സൂചനകൾ. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും സൂചനകളുണ്ട്. ചിത്രത്തിൽ മമ്മൂട്ടി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും സിനിമയുടെ നിർമ്മാണം നിർവഹിക്കുക.

സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ജോമോൻ ടി ജോൺ ആയിരിക്കും ക്യാമറ. അതേസമയം, ബസൂക്ക എന്ന സിനിമ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ചെയ്ത കുറുപ്പ് എന്ന ചിത്രത്തിന് കഥയൊരുക്കിയത് ജിതിനാണ്.

Read more