അയ്യങ്കാളിയായി മമ്മൂട്ടി തന്നെ എത്തും; 'കതിരവന്‍' വരുന്നു

ചരിത്ര പുരുഷന്‍ അയ്യങ്കാളിയായി മമ്മൂട്ടി തന്നെ വേഷമിടും. കുറച്ചു കാലമായി മലയാള സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മമ്മൂട്ടി അയ്യങ്കാളിയാകുമോ എന്നത്. യുവ സംവിധായകന്‍ അരുണ്‍രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവന്‍’ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണവും അരുണ്‍രാജ് ആണ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്‌നീഷ്യന്‍സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരുണ്‍രാജ് വ്യക്തമാക്കി.

ചിത്രം സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍ പറയുന്നത്. ”കതിരവനായി മമ്മൂട്ടി തന്നെയാണ് എത്തുന്നത്. അത് സംബന്ധിച്ച് യാതൊരു സംശയവും വേണ്ട. മറ്റ് അനാവശ്യ ചര്‍ച്ചകളോട് എനിക്ക് താല്‍പര്യമില്ല.”

”ഈ ചിത്രം സംബന്ധിച്ച് എന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ കൈയ്യേറ്റങ്ങള്‍ വരെ ഉണ്ടായി. പക്ഷേ ഇതിനോടൊന്നും എനിക്കിപ്പോള്‍ പ്രതികരിക്കാന്‍ താല്‍പര്യമേ ഇല്ല. കതിരവന്‍ ഒരുക്കുന്ന തിരക്കിലാണ്.”

”ഇത് എന്റെ മൂന്നാമത്തെ സിനിമയാണ്. കതിരവന്റെ വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. വര്‍ക്കുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പലതും മമ്മൂക്കയ്ക്കും പ്രയാസമുണ്ടാക്കിയേക്കാം. വെറുതെ അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഞാന്‍ ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാവാത്തത്” എന്നാണ് അരുണ്‍രാജ് പറയുന്നത്.

Read more