മാസ്സ് ആന്‍ഡ് കൂള്‍ എഡ്ഡി; മാസ്റ്റര്‍ പീസ് ട്രെയിലറില്‍ കസറി മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എഡ്ഡി എന്ന എഡ്വര്‍ഡ് ലിവിംഗ്സ്റ്റണ്‍. മമ്മൂട്ടിയുടെ മറ്റൊരു മികച്ച ക്രിസ്ത്യന്‍ കാരക്ടര്‍ റോള്‍ എന്നും പറയാം. എന്നാല്‍ തനി നാട്ടുപുറത്തുകാരന്‍ അച്ചായനല്ല എഡ്ഡി. ആരെയെും വെല്ലും വിധം സ്റ്റൈലിഷാണ് എഡ്ഡി. തികച്ചും അടിപൊളി. ഇത്തവണ എഡ്ഡിയായി കോളജ് ക്യാംപസിലാണ് മമ്മൂട്ടി കസറാനെത്തുന്നത്. അതും ക്യാംപസിലെ ന്യൂജനറേഷന്‍ ഗ്യാങുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന്. ഗ്ലാമറിലും സ്‌റ്റൈലുകളും ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ പ്രകടനമാണ് എഡ്ഡി കേന്ദ്രകഥാപാത്രമാകുന്ന മാസ്റ്റര്‍പീസിന്റെ ഹൈലൈറ്റ്.

ക്രിസ്മസ് ആഘോഷം ലക്ഷ്യമാക്കി ഒരുങ്ങിയിരിക്കുന്ന പുലിമുരുകന്‍ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന അജയ് വാസുദേവാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍മുടക്കില്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നൂറു ദിവസത്തിന് മുകളില്‍ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍.