Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പതിവ് തെറ്റിച്ചില്ല, ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പി മമ്മൂട്ടി

, 10:54 am

സിനിമാ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പുന്ന പതിവ് രീതി തെറ്റിക്കാതെ മമ്മൂട്ടി. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷര്‍ട്ടും ലുങ്കിയും ധരിച്ചെത്തി അദ്ദേഹം ബിരിയാണി വിളമ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രം ഉണ്ടയുടെ ലൊക്കേഷനിലാണ് മമ്മൂട്ടി സ്‌നേഹം വിളമ്പിയത്.

മമ്മൂട്ടിയെത്തുന്നത് സബ്ബ് ഇന്‍സ്പെക്ടര്‍ മണിയായാണ്. വടക്കേയിന്ത്യയിലെ നക്സലൈറ്റ് സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് മമ്മൂട്ടി ചിത്രം പറയുന്നത്.

ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ട് എന്നത് ശ്രദ്ധേയമാണ്. മൂന്ന് മികച്ച ബോളിവുഡ് താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിങിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമേ പദ്മാവതി, സഞ്ജു, ധൂം 3 , ഗുണ്ടേ, കൃഷ് 3 , രാവണ്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച ആളാണ് ശ്യാം. ഉത്തരേന്ത്യയില്‍ ആണ് ഉണ്ട ഷൂട്ട് ചെയ്യുന്നത്. മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ടാകും. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.

ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement