താനൂരില്‍ നടന്നതു കൂട്ടക്കൊലയാണെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍. താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ താരങ്ങള്‍. വിനോദസഞ്ചാരം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്തു മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
”ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും, ലിഫ്റ്റിലായാലും ബസിലായാലും. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്.”
”പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. ‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’… നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണം” എന്നാണ് ശ്രീകുമാര്‍ പറയുന്നത്.
മറ്റുള്ളവരോടുള്ള ഉത്തരവാദിത്തമില്ലായ്മയും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുടെയും ആകെത്തുകയാണ് താനൂര്‍ തൂവല്‍തീരം ബോട്ട് ദുരന്തം എന്നാണ് നടി മംമ്ത മോഹന്‍ദാസ് പറയുന്നത്.
മംമ്തയുടെ കുറിപ്പ്:
അജ്ഞതയ്ക്കൊപ്പം അശ്രദ്ധയും നിഷ്‌കളങ്കതയും സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും തന്നോടും മറ്റുള്ളവരോടും ഉത്തരവാദിത്വമില്ലായ്മയും സാമാന്യബുദ്ധിയില്ലായ്മയും ഒത്തുചേര്‍ന്ന് വരുത്തിവച്ച ദുരന്തമാണ് താനൂര്‍ തൂവല്‍തീരം ദുരന്തം. എന്റെ ഹൃദയം ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട സാധുക്കളോടൊപ്പമാണ്. അവരുടെ കുടുംബത്തിന് ഹൃദയത്തില്‍നിന്നുള്ള അനുശോചനം അറിയിക്കുന്നു.
ഒരു കുടുംബത്തിലെ അംഗങ്ങളുടെ ജീവന്‍ ഒന്നായി ഈ ദുരന്തത്തില്‍ പൊലിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മത്സ്യബന്ധന ബോട്ടിനെ പാസഞ്ചര്‍ ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി ഈ ദുരന്തത്തിന് കാരണമായ ബോട്ട് ഉടമ ഒളിവില്‍ പോയി എന്നത് തികച്ചും പരിഹാസ്യമാണ്.
ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവര്‍ക്കും എന്റെ ആദരം. നമ്മുടെ നാട്ടില്‍ ഇതുപോലെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ‘പോയവര്‍ക്ക് പോയി, ഇനി വല്ല മാറ്റവും നിയമങ്ങളും വരുമോ? എന്ന ചിന്തയില്‍ കടിച്ചു തൂങ്ങാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.